Friday, July 31, 2009

സഖി

ഇന്നീ ജാലകത്തിനരികില്‍ ഞാനുണര്‍-
ന്നിരിക്കുന്നു തുലാവര്‍ഷ രാത്രിയില്‍
നേര്‍ത്തൊരീ നിലാവലയിലലിഞ്ഞു ചേരും
വണ്ണമൊഴുകിയെത്തുന്നു മഴച്ചാറ്റലിന്‍ സംഗീതം!

ആത്മാവുരുകി വറ്റുമീ റാന്തലില്‍ മുറ്റി-
നില്‍ക്കുന്ന കയ്ത്തിരി നാളം പോല്‍
കനത്തു പെയ്യുന്ന മഴ തന്‍ ചാരുതയില്‍
കുളിരുറയുന്ന മന്ദമാം തെന്നലി-
ലോര്‍ത്തു പോകുന്നു നിന്നെ ഞാനെപ്പൊഴും.

മധുവിലും മധുരമാം മാധുര്യമോ നീ?
തളിരിലും തരളമാം താരുണ്യമോ?
കനവിലും കിനിയുന്ന കാരുണ്യമാ-
യെന്നിലെ എന്നെ നീ തൊട്ടുണര്‍ത്തീടുന്നു.
തണുവാര്‍ന്ന തെന്നലിലുലയും ദീപ്തിപോല്‍
മിഴികള്‍ക്ക്‌ നീയിന്ന്‌ കാണിക്കയകുന്നു.
നിന്‍ മുഖാംബുജ ചാരുതസ്മരണയില്‍
ഹൃത്തടം പിടയ്ക്കുന്നു, നിമിയിലുണരുന്ന
ദിവ്യമാം നൊമ്പരം ഉന്‍മത്തനാക്കുന്നെയീ മാത്രയില്‍!

സഖീ! നീയെന്‍ മുന്നില്‍ മഴപോല്‍
‍പെയ്തൊഴിയാത്ത സൌന്ദര്യമല്ലയോ.. ?

മേഘമര്‍മ്മരം താളം മുഴക്കുന്നു നിന്‍
കഴലിണ ചുംബിക്കും കൊലുസിണ്റ്റെ
കൊഞ്ചല്‍ പോല്‍
നിശാ വേളയില്‍ പുളയും മിന്നലിന്‍ ഖട്ഗം
പോലെന്നന്തരംഗത്തില്‍ നിന്‍മിഴിയിണ ജ്വലിക്കുന്നു.
മാപ്പുനല്‍കുകീ പാപിയാം നിഷാദനോ-
ടാശിച്ചുപോയതെന്തെന്നറിയില്ല.. !!