Friday, September 25, 2009

Why we are quarrelling?

http://www.divshare.com/download/8043283-cc4

Life is a miracle
Living is a magic
Death is the truth
Then Why we are quarrelling?

Monday, September 7, 2009

http://www.divshare.com/download/8043283-cc4


ഒരിടവം

ഇടവമിന്നെണ്റ്റെ ഇടനെഞ്ചിലലയ്ക്കുന്നു
ഇടറിവിങ്ങുന്നൊരോര്‍മ്മകള്‍ മാതിരി.
ഇരുളിലുറയുന്നൊരിടിനാദമെങ്ങുപൊയ്‌
ഇനിയുമീ രാവിതില്‍ താരകള്‍ തെളിയുമോ?


മിഴി
തുടയ്ക്ക നീ കരയാതിരിക്കുക!
മഴയിലിന്നെണ്റ്റെ
ഓര്‍മ്മകള്‍ പൂക്കുന്നു.
അന്നു
നാം കണ്ട കിനാക്കളിലൊക്കെയും
ഇടവമില്ലാ
.. വറുതിയുമില്ലല്ലോ..?


ഇറ്റുവീഴുമീ തുള്ളികള്‍ പെറുക്കുവാന്‍
ഇവിടെയില്ലാ ഒരു പൊട്ടക്കലം പോലും!
ഇത്തിരി നീ ചേര്‍ന്നിരുന്നീടി-
ലീതണുപ്പിന്നൊരാശ്വാസമായിടും.
ഇന്നിവിടെയീ സ്വപ്നസാഫല്യങ്ങള്‍
ഇമചിമ്മിയുണരുമ്പോള്‍ വറ്റിയ മുലകളില്‍
പ്രണയം നിറച്ചു നിന്‍ മിഴിനീരുപ്പുചാലിച്ച്‌
പതിയെ
കൊടുക്കുക.

പുലരട്ടെ, നിണ്റ്റെയീ താലിച്ചരടിനെ
എണ്റ്റെകൈയ്യാല്‍ വിറ്റ്‌ തുലച്ചീടാം!
അവരതിനെ നീറ്റിയൊരു പൊന്നിന്‍ കുരിശാക്കി
അലിവിണ്റ്റെ നാഥനു കാണിക്കയാക്കട്ടെ!

Friday, July 31, 2009

സഖി

ഇന്നീ ജാലകത്തിനരികില്‍ ഞാനുണര്‍-
ന്നിരിക്കുന്നു തുലാവര്‍ഷ രാത്രിയില്‍
നേര്‍ത്തൊരീ നിലാവലയിലലിഞ്ഞു ചേരും
വണ്ണമൊഴുകിയെത്തുന്നു മഴച്ചാറ്റലിന്‍ സംഗീതം!

ആത്മാവുരുകി വറ്റുമീ റാന്തലില്‍ മുറ്റി-
നില്‍ക്കുന്ന കയ്ത്തിരി നാളം പോല്‍
കനത്തു പെയ്യുന്ന മഴ തന്‍ ചാരുതയില്‍
കുളിരുറയുന്ന മന്ദമാം തെന്നലി-
ലോര്‍ത്തു പോകുന്നു നിന്നെ ഞാനെപ്പൊഴും.

മധുവിലും മധുരമാം മാധുര്യമോ നീ?
തളിരിലും തരളമാം താരുണ്യമോ?
കനവിലും കിനിയുന്ന കാരുണ്യമാ-
യെന്നിലെ എന്നെ നീ തൊട്ടുണര്‍ത്തീടുന്നു.
തണുവാര്‍ന്ന തെന്നലിലുലയും ദീപ്തിപോല്‍
മിഴികള്‍ക്ക്‌ നീയിന്ന്‌ കാണിക്കയകുന്നു.
നിന്‍ മുഖാംബുജ ചാരുതസ്മരണയില്‍
ഹൃത്തടം പിടയ്ക്കുന്നു, നിമിയിലുണരുന്ന
ദിവ്യമാം നൊമ്പരം ഉന്‍മത്തനാക്കുന്നെയീ മാത്രയില്‍!

സഖീ! നീയെന്‍ മുന്നില്‍ മഴപോല്‍
‍പെയ്തൊഴിയാത്ത സൌന്ദര്യമല്ലയോ.. ?

മേഘമര്‍മ്മരം താളം മുഴക്കുന്നു നിന്‍
കഴലിണ ചുംബിക്കും കൊലുസിണ്റ്റെ
കൊഞ്ചല്‍ പോല്‍
നിശാ വേളയില്‍ പുളയും മിന്നലിന്‍ ഖട്ഗം
പോലെന്നന്തരംഗത്തില്‍ നിന്‍മിഴിയിണ ജ്വലിക്കുന്നു.
മാപ്പുനല്‍കുകീ പാപിയാം നിഷാദനോ-
ടാശിച്ചുപോയതെന്തെന്നറിയില്ല.. !!

Monday, March 9, 2009

നിമിഷക്കാഴ്ചകള്‍

                          നിമിഷക്കാഴ്ചകള്‍

നീര്‍പളുങ്കേ നീയറിയുന്നോ നിമിഷമിതേതെന്ന്‌?
കലത്തിന്‍ കൈത്തിരി നാളമതില്ലാതെ
നീ നടന്നു മറഞ്ഞുപോയ്‌!

ആര്‍ദ്രമാം മോഹന സ്വപ്നങ്ങള്‍ തന്നു നീ
അലിവിണ്റ്റെയോര്‍മ്മകള്‍ പങ്കുവച്ചു
അകതാരിലെരിയുന്ന നറുവെളിച്ചം എണ്റ്റെ
കനവിലെ കര്‍പ്പൂരമയിരുന്നോ?

മിഴിനീരുതഴുകുമീ കവിളത്തു കൈചേര്‍ത്തു-
കരഞ്ഞതെന്തേ? നീ മൊഴിഞ്ഞതെന്തേ?
അറിയുന്ന നൊമ്പരങ്ങള്‍, അറിവിണ്റ്റെ അക്ഷരങ്ങള്‍
അറിയുന്നു ഞാനീ വേദനയേ.. !

പകലുകള്‍ കൊഴിയുന്ന മൌനത്തിനപ്പുറം
ഇരുളിണ്റ്റെയലകള്‍ വന്നണയും
പുലരുവനിനിയെത്ര നേരമെന്നറിയതെ
തമസിണ്റ്റെ നടുവില്‍ ഞാനിരിപ്പു..
ഈ തമസിണ്റ്റെ നടുവില്‍ ഞനിരിപ്പു..

Wednesday, February 25, 2009

THE DROP

Though the rain drop holds the ocean in it;

it holds the sky too!


Though the drop of tear holds the pain that feels;

it possess the passion too!

Though the dew drop holds the freshness of morning;

it reflects the universe too!

Though the drop of milk holds the purity of life;

it brings the love of mother too!

Tuesday, February 10, 2009

അക്ഷരം

അക്ഷരം അനശ്വരം; നിതാന്ത കാല ജല്‍പനം.

അഗാധ നീലസാഗരത്തിലുത്ഭവിച്ച സാന്ത്വനം.

ആദിനാദസംഗ്രഹം; അര്‍ക്കരശ്മി സംഭവം.

അരുണകിരണ രാശിയില്‍ പ്രോജ്ജ്വലിക്കുമക്ഷരം!



അസ്ഥി മജ്ജ മാംസ ഭൂത ചിത്ത ചിന്ത കാരണം.

അനന്തമാം നഭസ്സിലും, പ്രചണ്ഡമാം മരുത്തിലും

അജ്ഞ ചിത്തമന്ധകാര വീക്ഷണ സ്വരത്തിലും

നിറഞ്ഞു ശ്രീവിലസമാര്‍ന്നു നിര്‍ഗളിക്കുമക്ഷരം.



ദുരിത ദുഃഖ സംഭവങ്ങള്‍, കരുണ കദന കന്‍മഷങ്ങള്‍

വികാസവും വിചാരവും വികാര ധീര ചിന്‍മയങ്ങ-

ളൊക്കവേ നിറച്ചു നീ പ്രഫുല്ലമാക്കിയെന്നുടേ ധരിത്രിയേ..

ആത്മ ദുഃഖ ശാന്തിയിന്നെന്നിലും നിറയ്ക്കുനീ..

ആത്മ ബോധ മണ്ഡലത്തില്‍നിന്നന്ധകാരമകറ്റുനീ...

ആത്മ പീഡനങ്ങളയിരം കരങ്ങളാല്‍ ആട്ടിനീ-

യകറ്റിടും മാത്രയില്‍ മനം പ്രശോഭിതം!

Saturday, January 31, 2009

ഓര്‍മ്മ


മിഴികളില്‍ തുളുമ്പിയോ കണ്ണീര്‍കണങ്ങള്‍
അധരങ്ങളില്‍ ചെറുഗദ്ഗദമുതിര്‍ന്നുവോ?
ഒരു ചുടുനിസ്വനമലിവാര്‍ന്നിറങ്ങിയോ?
ആ മൃദുമേനി വിറകൊള്‍കയോ?

ഒരുമയുടെ പേര്‍പറഞ്ഞലറിത്തിമിറ്‍ക്കുന്ന
പെരുംജാഥയിലലിഞ്ഞു ചേര്‍ന്നീടവേ-
ഓര്‍ത്തതില്ലവനവളെ, തന്‍ കൊച്ചനുജത്തിയേ..
അച്ഛനേ.. അമ്മയേ.. ഓര്‍ത്തതില്ല!!

സിരകളില്‍ വിപ്ളവമാളിപ്പടരുമ്പോള്‍
ഹൃദ്സ്പന്ദനങ്ങളില്‍ വീര്യമുണരുമ്പോള്‍
കരളില്‍ മദജലം തുള്ളിത്തുളുമ്പുമ്പോള്‍
കനവുകളില്‍ നിഴലുകള്‍ തിറയട്ടമാടുമ്പൊള്‍
അച്ഛനേ.. അമ്മയേ.. ഓര്‍ത്തതില്ല!!

നിസ്തുല സേവന വേതനമായവന്‍ മൃത്യു-
പുല്‍കി, തെരുവിലൊരു രക്തപുഷ്പമായി ചിതറവേ
അച്ഛനേ.. അമ്മയേ..ഓര്‍ത്തുപോയി...
തന്‍ കൂടെപ്പിറപ്പിനെ ഓര്‍ത്തുപോയി.

Wednesday, January 28, 2009

എന്നെ അറിയാന്‍......


മുറിവേറ്റ മൃഗത്തെ പോലെ ജീവിതത്തിലൂടെ പാഞ്ഞുപോവുകയാണു്‌ ഞാന്‍. വികല സങ്കല്‍പങ്ങളുടെ വേലിയേറ്റങ്ങള്‍ക്കൊടുവില്‍ ആഴങ്ങളറിയുന്ന ശാന്തത മാത്രമാണു്‌ എനിക്കാശ്വാസം. അപൂര്‍ണ്ണവും, അനന്തവും,അസന്തുലിതവുമായ ഈ ജീവിതം നിലയ്ക്കാത്ത പ്രവാഹമാണു്‌. ആ പ്രവാഹത്തിലൂടെ കരയ്ക്കണയാതെ ഒഴുകുന്ന ഒരു ശവമാണു്‌ എണ്റ്റെ മനസ്സ്‌. ഇപ്പോള്‍ ഞാന്‍ ശവപ്പറമ്പുകളെ സ്നേഹിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ശവഗന്ധമാണു്‌ എനിക്കിപ്പൊള്‍ പ്രിയങ്കരം. ഈ യാത്രയില്‍ നിഴലും നിലാവും മാറിമറിയുന്ന ഇടനാഴികളെത്ര കടന്നുപോയിരിക്കുന്നു; ഇനിയെത്ര വരുവാനും!

ഉണങ്ങിവരണ്ട പുല്‍മേടുകളെ കാര്‍ന്നുതിന്നുന്ന കാട്ടുതീയാണു്‌ എണ്റ്റെ പ്രണയം. അത്‌ കടന്നുപൊകുമ്പൊള്‍ ശേഷിക്കുന്നത്‌ പുക ഉയരുന്ന കനല്‍ക്കട്ടകള്‍ മാത്രം. ഇനിയും പുതുനാമ്പുകള്‍ അവിടെ തളിര്‍ക്കുമോ എന്നെനിയ്ക്കറിയില്ല, കാരണം ഊര്‍വ്വരയായ ഭൂമിയെ പുതുമഴയ്ക്കുമാത്രമേ പുളകിതയാക്കുവാന്‍ കഴിയുകയുള്ളു. നഷ്ടബോധങ്ങളുടെ വേട്ടയാടലുകളെ എനിയ്ക്കതിജീവിക്കുവാന്‍ കഴിയില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ സ്വപ്നങ്ങളുടേയും മോഹങ്ങളുടേയും കണക്കെടുക്കുവാന്‍ എനിയ്ക്ക്‌ ശക്തിയില്ല. പ്രതീക്ഷയുടെ ദീപനാളങ്ങള്‍ എന്നില്‍ നിന്നെപ്പോഴേ പൊലിഞ്ഞു പോയിരിക്കുന്നു. ഏവരും പ്രാര്‍ത്ഥിക്കുന്ന ആ പരമമായ സത്യത്തില്‍ എനിയ്ക്ക്‌ വിശ്വാസമുണ്ടെങ്കിലും അനുഭവങ്ങളേല്‍പ്പിച്ച മുറിവുകളുണങ്ങാന്‍ ഇനിയും എത്ര നാള്‍...... !

ആര്‍ദ്രമായ രാത്രിമുല്ലയുടെ ഉത്തമഗന്ധം എനിക്കന്യമായിരിക്കുന്നു, എനിയ്ക്ക്‌ പ്രിയപ്പെട്ടതെല്ലാം, ഞാന്‍ ഈ പ്രകൃതിയില്‍ക്കണ്ട സൌന്ദര്യങ്ങളൊക്കെയും, ഏതോ യാമത്തില്‍ കണ്ട സ്വപ്നമായ്‌, തിരിച്ചറിയാനാവാതെ,പുലരിയിലെ നേര്‍ത്ത ഓര്‍മ്മയായി മാത്രം അവശേഷിക്കുന്നു. വ്രണിതനായ്‌, അഭിശപ്തനായി, തിരസ്കൃതനായി, ആലംബഹീനനായി അലയാന്‍ വിധിക്കപ്പെട്ട പുരാണത്തിലെ കഥാപാത്രം എനിയ്ക്ക്‌ വഴികാട്ടിയാകുന്നു. പിന്‍വലിയ്ക്കുവാനാവാത്ത ബ്രഹ്മശിരസ്സുകളെത്ര ഭ്രൂണങ്ങളെ ലക്ഷ്യമാക്കി ഞാന്‍ തൊടുത്തിരിയ്ക്കുന്നു. അവയെ പുനര്‍ജീവിപ്പിയ്ക്കുവാന്‍ കഴിവുള്ള ഒരു ദൈവസാന്നിധ്യം അനന്തവിഹായിസ്സില്‍നിന്നു്‌ ഉരുവായി വരുമായിരിക്കും!


പുതുപുലരിയുടെ തെളിമ എന്നില്‍ അസ്വസ്ഥത നിറയ്ക്കുന്നു. സൂര്യണ്റ്റെ ഓരോ കിരണവും അശാന്തിയുടെ വിത്തുകളാണു്‌ എന്നില്‍ പാകുന്നത്‌. ഇന്നെന്നെ ഞാനാക്കിയ എല്ലാ സത്യങ്ങളും നിറനിലാവിണ്റ്റെ ഉഷ്ണകുടീരങ്ങളില്‍ ഉരുകിയൊലിക്കുന്നു. സിരകളിലൊഴുകുന്ന, ഗംഗപോലെ പാവനമായ ഈ രക്തത്തെ എത്ര തര്‍പ്പണങ്ങളാല്‍ ഞാന്‍ അശുദ്ധമാക്കിയിരിക്കുന്നു. പിന്നിട്ട പാതകളില്‍ നിന്നും എണ്റ്റെ ശരീരത്തില്‍ പറ്റിയ അഴുക്കുകള്‍ ഏത്‌ തീര്‍ത്ഥത്തിലാണു്‌ ഞാന്‍ കഴുകിക്കളയുക?

പകലിണ്റ്റെ കലപിലയേക്കാള്‍ രാത്രിയുടെ നിശ്ബ്ദത എന്നെ ഉന്‍മത്തനാക്കുന്നു. ആത്മാവിലെരിയുന്ന നീറ്റല്‍ ഈ ശൈത്യക്കാറ്റില്‍ അലിഞ്ഞില്ലാതാകുന്നത്‌ എനിയ്ക്ക്‌ അറിയാന്‍ കഴിയുന്നുണ്ട്‌. ലക്ഷ്യം തെറ്റിയ അമ്പുകള്‍ പോലെ ചിന്തകള്‍ നാനാദിശകളിലേയ്ക്കും പറന്നിറങ്ങുകയാണു്‌. ചിലപ്പോള്‍ ആ വിഷലിപ്ത ബാണങ്ങളാല്‍ ഏതെങ്കിലും നിരപരാധി കൊല്ലപ്പെടാം. മനസ്സ്‌ എന്ന മായാമരീചിക എന്നെ, എണ്റ്റെ ചിന്തകളെ, എണ്റ്റെ സ്വത്വത്തെ, എത്ര തവണ വഴിതെറ്റിച്ചിട്ടുണ്ട്‌. ഓരൊ തവണയും ശരിയായ വഴിതിരഞ്ഞ്‌ ഒടുവില്‍ അഭയം പ്രാപിയ്ക്കുമ്പോള്‍ നേര്‍വഴി കാട്ടുന്ന ആ സങ്കല്‍പത്തെ ധ്യാനിച്ചുകൊണ്ട്‌ ഈ യാത്ര.....................

എണ്റ്റെ ജനനം

സുഹൃത്തേ,

അഭ്യസ്ഥവിദ്യര്‍ എന്ന്‌ കരുതുന്ന നാലുപേര്‍ ചേര്‍ന്നു പണ്ട്‌ ബലിതവിചരം എന്ന പേരില്‍ ഒരു ബ്ളോഗ്‌ രൂപീകരിച്ചു. അതിണ്റ്റെ മാസ്റ്റര്‍ ബ്രൈന്‍ യാഥാസ്ഥിതികന്‍ എന്ന്‌ ബലിതവിചരത്തില്‍ എഴുതിയിരുന്ന എണ്റ്റെ ഉറ്റ ചങ്ങാതിയാണു. തന്തോന്നി എന്ന പേരില്‍ ഞാനും, ഒരു ചിന്തകനും പിന്നെ യുക്തിവദി എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തനും അതില്‍ അവരവരുടെ സൃഷ്ടികള്‍ കുറിച്ചിരുന്നു. യാഥാസ്ഥിതികണ്റ്റെ കഴിവുകൊണ്ട്‌ മാത്രം ഓരോ മാസവും ആയിരത്തിലധികം ഹിറ്റ്സ്‌ ബലിതവിചരത്തിനുണ്ടായി. എകദേശം നാനൂറ്റിയന്‍പതില്‍ പരം പോസ്റ്റുകള്‍ അതില്‍ പുഷ്പിച്ചു. അതിണ്റ്റെ വാസന പലര്‍ക്കും പുതിയ അനുഭവമയി. പലരും അതില്‍ അവരവരുടെ കമണ്റ്റുകള്‍ നിക്ഷേപിച്ചു. അഭിപ്രയങ്ങളും അനുമോദനങ്ങളും ആക്ഷേപങ്ങളും പരാതിയും പരിഭവങ്ങളും സങ്കടങ്ങളും അതില്‍ പങ്കുവയ്ക്കപ്പെട്ടു. പൊതുവേ മടിയനായ ഞാനും എണ്റ്റെ കഴിവിനൊത്ത്‌ അതില്‍ എഴുതുവാന്‍ ശ്രമിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഒരു ദിവസം യാഥാസ്ഥിതികന്‍ ബലിതവിചാരം നോക്കുവാന്‍ എന്നെ ഫോണ്‍ വിളിച്ച്‌ പറഞ്ഞു. ബ്ളോഗ്‌ ഡിലീറ്റഡ്‌ എന്ന്‌ മോണിറ്ററില്‍ തെളിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. സംശയം തീര്‍ക്കാനായി ഞാന്‍ അതിണ്റ്റെ ജി-മെയിലില്‍ ലോഗിന്‍ ചെയ്യാന്‍ നോക്കി, അക്കൌണ്ട്‌ ഡിലീറ്റെഡ്‌ എന്നതു മോണിറ്ററില്‍ നോക്കിയിരുന്നപ്പൊള്‍ കാമുകിയുടെ കല്യാണ ലെറ്റര്‍ കണ്ട കാമുകണ്റ്റെ അവസ്ഥ എനിയ്ക്കു മനസിലയി. ഞാന്‍ പോലും അറിയാതെ കണ്ണുനീര്‍ കവിളിലൂടെ ഒഴുകി. ഞാന്‍ യാഥാസ്ഥികനെ ഫോണ്‍ ചെയ്തു കാര്യം തിരക്കി. ഒരു നിസാര പിണക്കത്തിണ്റ്റെ പേരില്‍ യുക്തിവദി ചെയ്തതാണു എന്ന മറുപടി എന്നെ അത്ഭുതപ്പെടുത്തി. പൊതുവേ ഒന്നിനോടും പ്രതികരിക്കാത്ത എന്നെ അവന്‍ സമധാനിപ്പിച്ചു. യുക്തിയില്ലാത്ത യുക്തിവാദിയുടെ ഭ്രാന്ത്‌, കൂട്ടുകാര്‍ എന്ന്‌ അവന്‍ അവകാശപ്പെടുന്ന മൂന്നുപേരുടെ ചിന്തകളോടും, അവരുടെ സങ്കല്‍പങ്ങളോടും,സര്‍ഗാത്മകതയോടുമുള്ള അസൂയയായിരുന്നെന്നു പിന്നീട്‌ ബലിതവിചരം-൨ എന്ന പേരില്‍ വേറെ ഒരു ബ്ളൊഗ്‌ തുടങ്ങി അവന്‍ തെളിയിച്ചു. സുഹൃത്തുക്കളായ ഞങ്ങളോട്‌ പ്രത്യേകിച്ച്‌ യാഥാസ്ഥിതികനോടു കാണിക്കാത്ത ആത്മാറ്‍ത്ഥത ഒന്ന് കാണുക പോലും ചെയ്യാത്ത പ്രിയ ബലിതവിചരം വായനക്കരോട്‌ കാണിക്കും എന്ന് എനിക്ക്‌ തോന്നുന്നില്ല.
ഒടുവില്‍ യാഥാസ്ഥിതികന്‍ സ്വന്തമായി യാഥാസ്‌.ബ്ളോഗ്സ്പോട്ട്‌.കോം. എന്ന ബ്ളോഗ്‌ തുടങ്ങി. ഇപ്പോള്‍ ഞാനും. ഇവിടെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വാസമായില്ലെങ്കില്‍ തങ്കള്‍ക്ക്‌ യാഥാസ്ഥിതികണ്റ്റെ ബ്ളോഗിലെ കമണ്റ്റുകള്‍ വായിച്ചാല്‍ മാത്രം മതിയകും.
ഇത്‌ ഞാന്‍ ഈ ബ്ളോഗ്‌ തുടങ്ങുവാനുള്ള കാരണവും എണ്റ്റെ ആമുഖവും .............നന്ദി.

ഹരി (താന്തോന്നി)