Tuesday, February 10, 2009

അക്ഷരം

അക്ഷരം അനശ്വരം; നിതാന്ത കാല ജല്‍പനം.

അഗാധ നീലസാഗരത്തിലുത്ഭവിച്ച സാന്ത്വനം.

ആദിനാദസംഗ്രഹം; അര്‍ക്കരശ്മി സംഭവം.

അരുണകിരണ രാശിയില്‍ പ്രോജ്ജ്വലിക്കുമക്ഷരം!



അസ്ഥി മജ്ജ മാംസ ഭൂത ചിത്ത ചിന്ത കാരണം.

അനന്തമാം നഭസ്സിലും, പ്രചണ്ഡമാം മരുത്തിലും

അജ്ഞ ചിത്തമന്ധകാര വീക്ഷണ സ്വരത്തിലും

നിറഞ്ഞു ശ്രീവിലസമാര്‍ന്നു നിര്‍ഗളിക്കുമക്ഷരം.



ദുരിത ദുഃഖ സംഭവങ്ങള്‍, കരുണ കദന കന്‍മഷങ്ങള്‍

വികാസവും വിചാരവും വികാര ധീര ചിന്‍മയങ്ങ-

ളൊക്കവേ നിറച്ചു നീ പ്രഫുല്ലമാക്കിയെന്നുടേ ധരിത്രിയേ..

ആത്മ ദുഃഖ ശാന്തിയിന്നെന്നിലും നിറയ്ക്കുനീ..

ആത്മ ബോധ മണ്ഡലത്തില്‍നിന്നന്ധകാരമകറ്റുനീ...

ആത്മ പീഡനങ്ങളയിരം കരങ്ങളാല്‍ ആട്ടിനീ-

യകറ്റിടും മാത്രയില്‍ മനം പ്രശോഭിതം!

No comments:

Post a Comment