Wednesday, January 28, 2009

എന്നെ അറിയാന്‍......


മുറിവേറ്റ മൃഗത്തെ പോലെ ജീവിതത്തിലൂടെ പാഞ്ഞുപോവുകയാണു്‌ ഞാന്‍. വികല സങ്കല്‍പങ്ങളുടെ വേലിയേറ്റങ്ങള്‍ക്കൊടുവില്‍ ആഴങ്ങളറിയുന്ന ശാന്തത മാത്രമാണു്‌ എനിക്കാശ്വാസം. അപൂര്‍ണ്ണവും, അനന്തവും,അസന്തുലിതവുമായ ഈ ജീവിതം നിലയ്ക്കാത്ത പ്രവാഹമാണു്‌. ആ പ്രവാഹത്തിലൂടെ കരയ്ക്കണയാതെ ഒഴുകുന്ന ഒരു ശവമാണു്‌ എണ്റ്റെ മനസ്സ്‌. ഇപ്പോള്‍ ഞാന്‍ ശവപ്പറമ്പുകളെ സ്നേഹിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ശവഗന്ധമാണു്‌ എനിക്കിപ്പൊള്‍ പ്രിയങ്കരം. ഈ യാത്രയില്‍ നിഴലും നിലാവും മാറിമറിയുന്ന ഇടനാഴികളെത്ര കടന്നുപോയിരിക്കുന്നു; ഇനിയെത്ര വരുവാനും!

ഉണങ്ങിവരണ്ട പുല്‍മേടുകളെ കാര്‍ന്നുതിന്നുന്ന കാട്ടുതീയാണു്‌ എണ്റ്റെ പ്രണയം. അത്‌ കടന്നുപൊകുമ്പൊള്‍ ശേഷിക്കുന്നത്‌ പുക ഉയരുന്ന കനല്‍ക്കട്ടകള്‍ മാത്രം. ഇനിയും പുതുനാമ്പുകള്‍ അവിടെ തളിര്‍ക്കുമോ എന്നെനിയ്ക്കറിയില്ല, കാരണം ഊര്‍വ്വരയായ ഭൂമിയെ പുതുമഴയ്ക്കുമാത്രമേ പുളകിതയാക്കുവാന്‍ കഴിയുകയുള്ളു. നഷ്ടബോധങ്ങളുടെ വേട്ടയാടലുകളെ എനിയ്ക്കതിജീവിക്കുവാന്‍ കഴിയില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ സ്വപ്നങ്ങളുടേയും മോഹങ്ങളുടേയും കണക്കെടുക്കുവാന്‍ എനിയ്ക്ക്‌ ശക്തിയില്ല. പ്രതീക്ഷയുടെ ദീപനാളങ്ങള്‍ എന്നില്‍ നിന്നെപ്പോഴേ പൊലിഞ്ഞു പോയിരിക്കുന്നു. ഏവരും പ്രാര്‍ത്ഥിക്കുന്ന ആ പരമമായ സത്യത്തില്‍ എനിയ്ക്ക്‌ വിശ്വാസമുണ്ടെങ്കിലും അനുഭവങ്ങളേല്‍പ്പിച്ച മുറിവുകളുണങ്ങാന്‍ ഇനിയും എത്ര നാള്‍...... !

ആര്‍ദ്രമായ രാത്രിമുല്ലയുടെ ഉത്തമഗന്ധം എനിക്കന്യമായിരിക്കുന്നു, എനിയ്ക്ക്‌ പ്രിയപ്പെട്ടതെല്ലാം, ഞാന്‍ ഈ പ്രകൃതിയില്‍ക്കണ്ട സൌന്ദര്യങ്ങളൊക്കെയും, ഏതോ യാമത്തില്‍ കണ്ട സ്വപ്നമായ്‌, തിരിച്ചറിയാനാവാതെ,പുലരിയിലെ നേര്‍ത്ത ഓര്‍മ്മയായി മാത്രം അവശേഷിക്കുന്നു. വ്രണിതനായ്‌, അഭിശപ്തനായി, തിരസ്കൃതനായി, ആലംബഹീനനായി അലയാന്‍ വിധിക്കപ്പെട്ട പുരാണത്തിലെ കഥാപാത്രം എനിയ്ക്ക്‌ വഴികാട്ടിയാകുന്നു. പിന്‍വലിയ്ക്കുവാനാവാത്ത ബ്രഹ്മശിരസ്സുകളെത്ര ഭ്രൂണങ്ങളെ ലക്ഷ്യമാക്കി ഞാന്‍ തൊടുത്തിരിയ്ക്കുന്നു. അവയെ പുനര്‍ജീവിപ്പിയ്ക്കുവാന്‍ കഴിവുള്ള ഒരു ദൈവസാന്നിധ്യം അനന്തവിഹായിസ്സില്‍നിന്നു്‌ ഉരുവായി വരുമായിരിക്കും!


പുതുപുലരിയുടെ തെളിമ എന്നില്‍ അസ്വസ്ഥത നിറയ്ക്കുന്നു. സൂര്യണ്റ്റെ ഓരോ കിരണവും അശാന്തിയുടെ വിത്തുകളാണു്‌ എന്നില്‍ പാകുന്നത്‌. ഇന്നെന്നെ ഞാനാക്കിയ എല്ലാ സത്യങ്ങളും നിറനിലാവിണ്റ്റെ ഉഷ്ണകുടീരങ്ങളില്‍ ഉരുകിയൊലിക്കുന്നു. സിരകളിലൊഴുകുന്ന, ഗംഗപോലെ പാവനമായ ഈ രക്തത്തെ എത്ര തര്‍പ്പണങ്ങളാല്‍ ഞാന്‍ അശുദ്ധമാക്കിയിരിക്കുന്നു. പിന്നിട്ട പാതകളില്‍ നിന്നും എണ്റ്റെ ശരീരത്തില്‍ പറ്റിയ അഴുക്കുകള്‍ ഏത്‌ തീര്‍ത്ഥത്തിലാണു്‌ ഞാന്‍ കഴുകിക്കളയുക?

പകലിണ്റ്റെ കലപിലയേക്കാള്‍ രാത്രിയുടെ നിശ്ബ്ദത എന്നെ ഉന്‍മത്തനാക്കുന്നു. ആത്മാവിലെരിയുന്ന നീറ്റല്‍ ഈ ശൈത്യക്കാറ്റില്‍ അലിഞ്ഞില്ലാതാകുന്നത്‌ എനിയ്ക്ക്‌ അറിയാന്‍ കഴിയുന്നുണ്ട്‌. ലക്ഷ്യം തെറ്റിയ അമ്പുകള്‍ പോലെ ചിന്തകള്‍ നാനാദിശകളിലേയ്ക്കും പറന്നിറങ്ങുകയാണു്‌. ചിലപ്പോള്‍ ആ വിഷലിപ്ത ബാണങ്ങളാല്‍ ഏതെങ്കിലും നിരപരാധി കൊല്ലപ്പെടാം. മനസ്സ്‌ എന്ന മായാമരീചിക എന്നെ, എണ്റ്റെ ചിന്തകളെ, എണ്റ്റെ സ്വത്വത്തെ, എത്ര തവണ വഴിതെറ്റിച്ചിട്ടുണ്ട്‌. ഓരൊ തവണയും ശരിയായ വഴിതിരഞ്ഞ്‌ ഒടുവില്‍ അഭയം പ്രാപിയ്ക്കുമ്പോള്‍ നേര്‍വഴി കാട്ടുന്ന ആ സങ്കല്‍പത്തെ ധ്യാനിച്ചുകൊണ്ട്‌ ഈ യാത്ര.....................

No comments:

Post a Comment